Matthew 16:13-20

13 യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്ത് എത്തിയശേഷം തന്റെ ശിഷ്യന്മാരോട്: ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു. 14 ചിലർ യോഹന്നാൻസ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറേ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്ന് അവർ പറഞ്ഞു. 15 നിങ്ങളോ എന്നെ ആർ എന്നു പറയുന്നു എന്ന് അവൻ ചോദിച്ചതിനു ശിമോൻ പത്രൊസ്: 16 നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് ഉത്തരം പറഞ്ഞു. 17 യേശു അവനോട്: ബർയോനാശിമോനേ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗസ്ഥനായ എന്റെ പിതാവത്രേ നിനക്ക് ഇതു വെളിപ്പെടുത്തിയത്. 18 നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. 19 സ്വർഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതൊക്കെയും സ്വർഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗത്തിൽ അഴിഞ്ഞിരിക്കും എന്ന് ഉത്തരം പറഞ്ഞു. 20 പിന്നെ താൻ ക്രിസ്തു ആകുന്നു എന്ന് ആരോടും പറയാതിരിപ്പാൻ ശിഷ്യന്മാരോടു കല്പിച്ചു.